"LET US START REBUILDING." (Nehemiah.2:18) !!!
"LET US START REBUILDING."
(Nehemiah.2:18)
"നാം എഴുന്നേറ്റു പണിയുക."
(നെഹെമ്യാവ്.2:18)
നെഹെമ്യാവ് പാർസി ദേശത്തെ ഒരു യഹൂദ ബന്ദിയായിരുന്നു. അദ്ദേഹം സുഖജീവിതം നയിച്ചു വരികയും പാർസി രാജാവായ അർഥഹ് ശഷ്ടാവിന്റെ ശുശൻ കൊട്ടാരത്തിൽ പാനപാത്രവാഹകനായി (നെഹെ.1:11) മാന്യവും വിശ്വാസയോഗ്യവുമായ ജോലിയിൽ ഏർപ്പെട്ടിരുന്നു. (1:1; 2:1 ) യെരുശലേമിൽ നിന്ന് നാടുകടത്തപ്പെട്ട യഹൂദ മാതാപിതാക്കൾക്ക് പാർസി ദേശത്ത് ജനിച്ചു വളർന്നു.
A. നെഹെമ്യാവ്, ഉത്കണ്ഠയുള്ള ഒരു മനുഷ്യൻ.
രാജാവിന്റെ ഭരണത്തിന്റെ 20-ാം വർഷത്തിൽ (ബിസി 445) യെരുശലേമിലുണ്ടായിരുന്ന ഒരു ഹനാനി ശുശനിലെത്തി.
യെരൂശലേമിലെ യഹൂദരുടെ അവസ്ഥയെക്കുറിച്ചും നഗരത്തെക്കുറിച്ചും നെഹെമ്യാവ് അവനോട് ആരാഞ്ഞു. (ദൈവത്തിന്റെ ജനവും ദൈവത്തിന്റെ നഗരവും.).
മറുപടിയായി കേൾക്കുന്നു:
"പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ ശേഷിപ്പു അവിടെ ആ സംസ്ഥാനത്തു മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു" (നെഹമ്യാവ് 1:3)
B. നെഹെമാവ്, ഒരു പ്രാർത്ഥനാ മനുഷ്യൻ.
"ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു "
( നെഹെ..1:4)
യെരുശലേമിന്റെ മതിൽ പുനർനിർമിക്കുന്നതിനായി യെരുശലേമിലേക്ക് പോകാൻ രാജാവ് അദ്ദേഹത്തിന് അനുമതി നൽകി. രാജാവിൽ നിന്നുള്ള എല്ലാ അധികാരത്തോടും സുരക്ഷയോടും സഹായത്തോടും കൂടി (2:9), അദ്ദേഹം ദേശാധിപതിയായി നിയമിക്കപ്പെട്ടു, (നെഹെ. 5:14),
നെഹെമ്യാവിന്റെ 14 പ്രാർത്ഥനകൾ ഈ പുസ്തകത്തിലുണ്ട്. നെഹെമ്യാവ് എല്ലാം പ്രാർത്ഥനയോടെ ചെയ്തു / അഭിമുഖീകരിച്ചു / കൈകാര്യം ചെയ്തു / പരിഹരിച്ചു….
C. നെഹെമ്യാവ്, ഒരു കർമ്മനിരതൻ.
യെരൂശലേമിലെത്തിയ ശേഷം, യഥാർത്ഥ സ്ഥിതി മനസ്സിലാക്കാൻ നെഹെമ്യാവ് രാത്രിയിൽ തനിയെ നഗരം ചുറ്റിനടന്നു. (നെഹെ. 2:12-15). പിന്നീട് അദ്ദേഹം ജനങ്ങളെ വെല്ലുവിളിച്ചു - ഉദ്യോഗസ്ഥരെയും പുരോഹിതന്മാരെയും പ്രഭുക്കന്മാരെയും... (2:16) "യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക." (നെഹെ. 2:17).
ബിസി 586-ൽ ബാമ്പേൽ രാജാവായ നെബൂഖദ്‌നേസർ നഗരവും മതിലുകളും കവാടങ്ങളും നശിപ്പിച്ചു.
(2 ദിന. 36:15-20). പിന്നീട് ദു:ഖകരമായ ഈ അവസ്ഥയിൽ, ഇത് പുനർനിർമിക്കാനുള്ള ശ്രമങ്ങളുണ്ടായി. ജനം ഇതുമായി അനുരഞ്ജനപ്പെട്ടു. സാഹചര്യം വിലയിരുത്താനും അവരെ വെല്ലുവിളിക്കാനും പുറത്തുനിന്നുള്ള ഒരാളെ ആവശ്യമായിരുന്നു.
ജനങ്ങൾ വെല്ലുവിളി ഏറ്റെടുത്തു. "നാം എഴുന്നേറ്റു പണിയുക" എന്നു ജനം പറഞ്ഞു. (2:18).
D. പുനർനിർമ്മാണത്തിൽ ജനങ്ങളുടെ പങ്കാളിത്തം.
എല്ലാവരും മുന്നോട്ട് വന്ന് അവരവരുടെ ചുമതലകൾ ചെയ്തു. മഹാപുരോഹിതന്മാരും പുരോഹിതന്മാരും (നെഹെ. 3:1,22,28) സ്വർണ്ണപ്പണിക്കാർ, സുഗന്ധ നിർമ്മാതാക്കൾ (3:8,31,32), ഭരണാധികാരികൾ (3:9,14,15) സ്ത്രീകൾ ( 3:12), ലേവ്യർ (3:17), ക്ഷേത്രസേവകർ (3:26) വാതിൽ കാവൽക്കാർ (3:29), വ്യാപാരികൾ (3:32)... ദേശാധിപതി ആയ നെഹെമ്യാവ് പോലും തനിക്കുള്ള ജോലി ചെയ്യുകയായിരുന്നു. (4:23).
E. എതിർപ്പുകളും പ്രശ്നങ്ങളും.
സൻ ബല്ലത്തിന്റെയും തോബിയാവിന്റെയും നേതൃത്വത്തിൽ തുടർച്ചയായ എതിർപ്പുകൾ ഉണ്ടായിരുന്നു. (നെഹെ. 2:10; 4:1-4; 6:1-14...) ഒരുപാട് ആഭ്യന്തര പ്രശ്നങ്ങളും (നെഹെ. 5), യഹൂദന്മാരായ ചിലരുടെ എതിർപ്പുകളും വരെ അഭീമുഖീകരിക്കേണ്ടി വന്നു. (നെഹെ. 6:17-19) എന്നാൽ, നെഹെമ്യാവ് എല്ലാം പ്രാർത്ഥനാപൂർവ്വം കൈകാര്യം ചെയ്തു.
നെഹെമ്യാവ് ഒരു മാതൃകാ നേതാവായിരുന്നു. അദ്ദേഹത്തിന് മുമ്പുള്ള എല്ലാ ദേശാധിപതികളും തങ്ങളുടെ സ്ഥാനം വ്യക്തിപരമായ നേട്ടങ്ങൾക്കും സുഖങ്ങൾക്കും, സ്വത്ത് സമ്പാദനത്തിനും വേണ്ടി ദുരുപയോഗം ചെയ്യുകയായിരുന്നു. (നെഹെ. 5:14-19). എന്നാൽ നെഹെമ്യാവും സുഹൃത്തുക്കളും വ്യത്യസ്തരായിരുന്നു. "ഞങ്ങൾ ഒരു നിലവും വിലെക്കു വാങ്ങിയില്ല." (സ്വത്ത് - നെഹെ. 5:16)
മതിൽ 141 വർഷത്തേക്ക് നശിപ്പിക്കപ്പെട്ടു. (586-445 ബിസി) പുനർനിർമ്മാണം 52 ദിവസങ്ങൾ മാത്രമാണ് എടുത്തത്. (6:15). ഒരു വ്യക്തിയുടെ ഉത്കണ്ഠയും പ്രാർത്ഥനയും, മാതൃകാപരമായ നേതൃത്വവും കൊണ്ട് 52 ദിവസം കൊണ്ട് പൂർത്തിയാക്കിയ എത്ര മഹത്തായ ദൗത്യം!
സഭയുടെ ഇന്നത്തെ ആത്മീയ അവസ്ഥ എന്താണ്? അതിനെക്കുറിച്ച് നമുക്ക് ആശങ്കയുണ്ടോ? അതിനെക്കുറിച്ച് നമ്മുടെ പ്രാർത്ഥന എപ്രകാരമാണ്? അതിന്നായി നമ്മൾ മറ്റെന്താണ് ചെയ്യുന്നത്?
ദൈവത്തിന്റെ രാജ്യം കെട്ടിപ്പടുക്കുന്നതിൽ, ദൈവം ഇന്ന് നമുക്ക് നൽകിയിരിക്കുന്ന ചുമതല എന്താണ്?
"ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവീൻ."
(മത്തായി 28:20)
"നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ." (മർക്കോസ് 16:15).
നെഹെമ്യാവ് ചെയ്തതുപോലെ, ലോക സുവിശേഷീകരണത്തിൽ എല്ലാവരേയും വെല്ലുവിളിക്കാനും പങ്കാളികളാക്കാനും നമുക്ക് എങ്ങനെ കഴിയും?
നമുക്ക് ഇന്ന് ഒരു നെഹെമ്യാവ് ആയിരിക്കാം!
റവ. സി.വി. ഏബ്രഹാം.
Comments
Post a Comment